നിങ്ങളൊരു സാമൂഹ്യ ജീവിതം നയിക്കുമ്പോൾ നിർബന്ധമായും പാലിക്കേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ചാണ് പറയാൻ ആഗ്രഹിക്കുന്നത്. തുല്യമായ സ്ഥാനം നൽകണമെന്ന് മുറവിളികൂട്ടുന്നത് ആരോടാണ്.? ആരാണ് നിങ്ങളുടെ സ്ഥാനം എടുത്തുകളഞ്ഞിരിക്കുന്നത്? ഇവിടെ ആരും ആർക്കും അധികാരമൊന്നും പതിച്ചു കൊടുത്തിട്ടില്ല. അന്നും ഇന്നും എന്നും. പക്ഷെ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നൊരു ചൊല്ലുണ്ട്. അതാണ് കാലാകാലങ്ങളായി നടമാടിക്കൊണ്ടിരിക്കുന്നത്. അതിൽ സ്ത്രീകളും ഉണ്ട് പുരുഷൻമാരുമുണ്ട്.
ഒരു വ്യക്തിയെന്ന നിലയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ എങ്ങനെ നിങ്ങൾക്ക് പരമാവധി സ്വന്തം കാലിൽ നിൽക്കാം എന്നതിനെക്കുറിച്ചാണ് പറഞ്ഞു വയ്ക്കുന്നത്.
ഒരു പൗരൻ എന്ന നിലയിൽ നിങ്ങൾ നിർബന്ധമായും എടുക്കേണ്ട ഒന്നാണ് വോട്ടർ ഐഡിയും ആധാർ കാർഡും പാൻ കാർഡും. ഇത് മൂന്നും നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെയധികം അത്യാവശ്യമുള്ള തിരിച്ചറിയൽ രേഖകളാണ്. നമ്മൾ വോട്ട് ചെയ്താലും ഇല്ലെങ്കിലും ടാക്സ് അടച്ചാലും ഇല്ലെങ്കിലും ഇതൊക്കെ ബാക്കി പല ആവശ്യങ്ങൾക്കും നിർബന്ധമാണ്. ഉദാഹരണത്തിന് നമുക്കൊരു ഗ്യാസ് കണക്ഷൻ എടുക്കാൻ ആധാർ നിർബന്ധമാണ്. നമ്മൾ സ്വന്തം വീട്ടിലാണ് താമസം വീട്ടിൽ ഗ്യാസ് കണക്ഷൻ ഉണ്ട്, അതുകൊണ്ട് എന്തിനാണ് നമുക്ക് ആധാർ എന്നു പറയുന്നവർ ജോലി ആവശ്യങ്ങൾക്ക് വേണ്ടി മറ്റൊരു സ്ഥലത്ത് താമസിക്കുകയാണെങ്കിൽ ഒരു ഗ്യാസ് കണക്ഷൻ എടുക്കേണ്ടി വരുന്ന ഒരു അവസ്ഥ വന്നുചേർന്നാൽ ആ സമയത്ത് ആധാർ കാർഡിന് വേണ്ടി ഓടണ്ടല്ലോ.
ഇനി നമ്മൾക്ക് സ്വന്തമായൊരു ബാങ്ക് അക്കൗണ്ട് എടുക്കണം എന്നുണ്ടെങ്കിൽ നിർബന്ധമായും ആധാറും പാൻ കാർഡും ആവശ്യമാണ്. ഒരു ജോലിക്ക് കയറുകയാണെങ്കിൽ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് കൂടാതെ തിരിച്ചറിയൽ രേഖകളും ആവശ്യപ്പെടും. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ വോട്ടർ ഐഡി കാർഡ്, ആധാർ, പാൻ കാർഡ്, പാസ്സ്പോർട്ട് എന്നിവയിൽ ഏതെങ്കിലും അത്യാവശ്യമാണ്. ഇനി നമ്മൾ ഒരു ഹോട്ടലിൽ പോയി താമസിക്കുന്ന സമയത്ത് ഏതെങ്കിലുമൊരു തിരിച്ചറിയൽ കാർഡ് നിർബന്ധമായും ആവശ്യപ്പെടും. നിങ്ങൾ ഒരു പുതിയ വീട് അല്ലെങ്കിൽ ഫ്ളാറ്റ് അല്ലെങ്കിൽ സ്ഥലം അതുമല്ലെങ്കിൽ ഒരു വാഹനം എടുക്കുന്നുണ്ടെങ്കിൽ അത് രജിസ്റ്റർ ചെയ്യണമെങ്കിൽ തിരിച്ചറിയൽ രേഖകൾ ആവശ്യമാണ്.
എന്തിനാണ് അപ്പോൾ പാസ്സ്പോർട്ട്…? ഉത്തരം വളരെ സിംപിൾ ആണ്. പാസ്സ്പോർട്ട് ഉണ്ടെങ്കിൽ മിക്ക സ്ഥലങ്ങളിലും അഡ്രസ് പ്രൂഫായും ഐഡി പ്രൂഫായും ഒന്ന് തന്നെ മതിയാകും. ജോലി സംബന്ധമായി വിദേശത്ത് പോകാനോ വിനോദയാത്രകൾക്കായി വിദേശത്തേക്ക് ഒരു അവസരം കൈവന്നാൽ നമുക്ക് പെട്ടെന്ന് സങ്കടിപ്പിക്കാൻ പറ്റുന്ന ഒന്നല്ല പാസ്സ്പോർട്ട്. ഏറ്റവും ചുരുങ്ങിയത് നിങ്ങൾ ഒരു സെലിബ്രിറ്റി ആണെങ്കിൽ നിങ്ങൾക്ക് വിദേശത്ത് ഒരു പ്രോഗ്രാമിന് അവസരം കിട്ടുകയാണെങ്കിൽ പാസ്സ്പോർട്ട് ഉണ്ടോ എന്ന് അന്വേഷിക്കും, ഇതൊന്നും കൂടാതെ നിങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ട് വെരിഫിക്കേഷന് വേണ്ടി പാസ്സ്പോർട്ട് പോലുള്ള തിരിച്ചറിയൽ കാർഡുകളാണ് ആവശ്യപ്പെടുന്നത്.
ഇങ്ങനെ ചെറുതും വലുതുമായ ഒട്ടേറെ കാര്യങ്ങൾക്ക് വേണ്ടി നിർബന്ധമായും നിങ്ങൾ കൈവശം വയ്ക്കേണ്ട ഒന്നാണ് തിരിച്ചറിയൽ കാർഡുകൾ.
ഇവ കൂടാതെ നിങ്ങൾ സമ്പാദിക്കേണ്ട മറ്റു ചില പ്രധാനപ്പെട്ട വസ്തുക്കൾ കൂടി പറഞ്ഞു പോകാം.
ഡ്രൈവിങ്ങ് ലൈസൻസ് :
ഫോർ വീലർ, ടൂ വീലർ ലൈസൻസ് എടുക്കുക. സാധ്യമാണെങ്കിൽ ഒരു വണ്ടി സ്വന്തമാക്കുക. നിങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ അരക്ഷിതത്വമോ ഭയമോ മറ്റു തുറിച്ചു നോട്ടങ്ങളോ അസ്വസ്ഥമാക്കുന്നുണ്ടെങ്കിൽ നിർബന്ധമായും സ്വന്തമായി വാഹനം കൈകാര്യം ചെയ്യാൻ പഠിച്ചിരിക്കണം. സ്വന്തം വീട്ടിൽ തന്നെ വണ്ടിയുള്ളവർ പോലും അത്യാവശ്യ ഘട്ടങ്ങളിൽ പുറത്ത് നിന്ന് ടാക്സി വിളിക്കേണ്ടി വരുന്നതോ സ്വന്തം വണ്ടിയോടിക്കാൻ ഡ്രൈവറെ വയ്ക്കേണ്ടി വരുന്നതോ ഇതുകൊണ്ടാണ്.
വീട്ടിൽ വണ്ടിയുണ്ടായിട്ടും ഭർത്താവിന് അറ്റാക്ക് വന്നപ്പോൾ അത്യാവശ്യ സമയത്ത് വാഹനങ്ങൾ ലഭിക്കാത്തതും വണ്ടി കൈകാര്യം ചെയ്യാൻ അറിയാത്തത് കൊണ്ടും ഭർത്താവിന്റെ ജീവൻ നഷ്ടപ്പെട്ട ഒരു വീട്ടമ്മയുടെ കഥ വേദനയോടെ കേട്ടിരുന്നിട്ടുണ്ട്.
ഭാഷാപഠനം :
ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രയാസം കാരണം പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെടുകയും ഒരേ സ്ഥലത്ത് തന്നെ ഒതുങ്ങേണ്ടിവരികയും ചെയ്യുന്ന കാഴ്ചയാണ് പലരിലും കാണുന്നത്. പലപ്പോഴും മാതൃഭാഷ മാത്രമറിയാവുന്ന ഒരാൾ മറ്റൊരു ഭാഷ സംസാരിക്കുന്നിടത്ത് ഒറ്റയ്ക്ക് ചെന്നുപെട്ടാൽ വേഗത്തിൽ ചൂഷണം ചെയ്യപ്പെടാനും കബളിപ്പിക്കപ്പെടാനും പീഡനത്തിന് വിധേയമാക്കപ്പെടാനും സാധ്യതയുണ്ട്. ഭാഷ കൈകാര്യം ചെയ്യാനറിയാവുന്നതിലെ മികവ് കൊണ്ടുമാത്രം നല്ല ജോലി സാധ്യതകൾ നിങ്ങൾക്ക് ലഭിക്കുമെന്നത് ഭാഷാനൈപുണ്യത്തിന്റെ മറ്റൊരു വശമാണ്.
വിദ്യാഭ്യാസം :
ഉയർന്ന വിദ്യാഭ്യാസം ഒരാളെ കൂടുതൽ കരുത്തനാക്കും. പക്ഷെ ഉയർന്ന വിദ്യാഭ്യാസം എന്നത് പുസ്തകത്തിൽ നിന്ന് മാത്രമുള്ള അറിവാകുമ്പോഴാണ് വിദ്യാഭ്യാസം ലഭിച്ചതുകൊണ്ടുമാത്രം കാര്യമില്ലാതെ പോകുന്നത്. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം തന്നെ അനുഭവസമ്പത്ത് കൂടി സ്വായത്തമാക്കണം. ഓരോ സാഹചര്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യാം എന്നതും പ്രധാനമാണ്.
ഉന്നത വിദ്യാഭ്യാസത്തേക്കാൾ പ്രധാനം പ്രാഥമികമായ നൈപുണ്യ ശേഷി കൈവരിക്കലാണ്. നമ്മൾ ജീവിക്കുന്ന നൂറ്റാണ്ടിലെ ആളുകൾ മൊബൈൽ, ഇന്റർനെറ്റ്, കത്തിന് പകരം മെയിലുകൾ, എഴുത്തിനു പകരം ഡിജിറ്റൽ കുറിപ്പുകൾ, ഇന്റർനെറ്റ് അധിഷ്ഠിത പണമിടപാട് സംവിധാനങ്ങൾ എന്നിവ സ്വന്തമായി കൈകാര്യം ചെയ്യാൻ പഠിക്കുക വഴി അതിലൂടെയുള്ള പറ്റിക്കപ്പെടലും ചൂഷണങ്ങളും ഒഴിവാക്കാൻ സാധിക്കും.
പല കാര്യങ്ങൾക്കുമായി നമ്മൾ ഉണ്ടാക്കിയെടുക്കുന്ന യൂസർനെയ്മും പാസ്വേഡും ബാങ്ക് അക്കൗണ്ട്, പിൻ നമ്പർ, എ.ടി.എം. മുതലായവ വളരെയധികം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടവയാണ്. എന്നാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് മറ്റുള്ളവരുടെ സഹായം തേടേണ്ട സാഹചര്യം വരുമ്പോൾ ഒടുവിൽ പണമോ, മാനമോ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുന്നു.
വിദ്യാഭ്യാസ യോഗ്യത എന്നത് പുസ്തകത്തിൽ നിന്നു ലഭിക്കുന്ന ഒന്നുമാത്രമാകരുത്. സെൽഫ് ഡിഫെൻസിങിനുള്ള വിദ്യാഭ്യാസം കൂടി സ്വായത്തമാക്കണം. ഉദാഹരണത്തിന് കളരിപ്പയറ്റ്, ബോക്സിങ്ങ്, കുംഫു തുടങ്ങിയ സ്വയം പ്രതിരോധ മുറകളും കൂടി പഠിച്ചെടുക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിച്ച്, കൂടുതൽ കരുത്തുറ്റ വ്യക്തിയായി രൂപപ്പെടാൻ സാധിക്കും.
പാചകം :
ഇത് വായിക്കുമ്പോൾ ചിലരുടെയെങ്കിലും നെറ്റി ചുളിഞ്ഞേക്കാം. പാചകമറിയാത്തവരും ഉണ്ടോ..? ഉണ്ട്. പല പെൺകുട്ടികളും അടുക്കള കാണാത്തവരാണ് (ആൺ കുട്ടികളും). കല്യാണം കഴിഞ്ഞാൽ പോലും തുടർന്നും അടുക്കള കാണാത്തവർ ഉണ്ട്. അതിനർത്ഥം കല്യാണം കഴിക്കുന്നത് അടുക്കള കൈകാര്യം ചെയ്യാൻ വേണ്ടി മാത്രമാണെന്ന അഭിപ്രായവും എനിക്കില്ല. ജോലിക്കാരെയോ, അവർ ലീവിൽ പോയാൽ ഹോട്ടലിനെയോ പാർസൽ സർവ്വീസിനെയോ ആശ്രയിക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ട്.
പ്രാഥമിക പാചക പാഠങ്ങൾ നിർബന്ധമായും ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ടതാണ്.
മുകളിൽ പറഞ്ഞവയൊക്കെയും എല്ലാവർക്കും സമയം കണ്ടെത്തിയാൽ സ്വായത്തമാക്കാൻ പറ്റുന്നതാണ്. ഇനി പറയാൻ പോകുന്നതാണ് പ്രധാനം. അതിന് സമയമല്ല പ്രധാനം. മാനസികമായി കരുത്താർജ്ജിക്കുകയാണ് വേണ്ടത്.
വികാരങ്ങളെയും വിചാരങ്ങളെയും വിവേകത്തോട് കൂടി കൈകാര്യം ചെയ്യാൻ സാധിക്കുമ്പോൾ മറ്റാരേക്കാളും നമ്മൾ ഒരുപടി മുന്നിട്ട് നിൽക്കും. അതിന് വേണ്ടത് വായനയാണ്. വായന എന്നത് വെറും സാഹിത്യ വായനയല്ല. സാമൂഹിക-സാംസ്കാരിക രംഗത്തെക്കുറിച്ചും അനുഭവങ്ങളും പഠനക്കുറിപ്പുകളും ജീവിത ശൈലികളും പാരിസ്ഥിതികമായ ചുറ്റുപാടുകളെക്കുറിച്ചുള്ള വിവരങ്ങളും വർത്തമാനകാല വാർത്തകളും വിശേഷങ്ങളും ലോകത്താകെ സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യതിയാനങ്ങളെക്കുറിച്ചുമുള്ള പ്രാഥമിക വിവരങ്ങൾ ഗ്രഹിച്ചാൽ കുറേക്കൂടി നിങ്ങളെ നിങ്ങൾക്ക് തന്നെ മോൾഡ് ചെയ്തെടുക്കാൻ പറ്റും.
അപ്രതീക്ഷിതമായ ഒരു സാഹചര്യം കൈകാര്യം ചെയ്യേണ്ട അവസ്ഥ സംജാതമാകുമ്പോൾ അവിടെ പകച്ചു നിൽക്കുന്നതിന് പകരം വിവേകത്തോടെ ചിന്തിച്ചു പെരുമാറിയാൽ ഒരുപക്ഷേ വലിയൊരപകടത്തിൽ നിന്നായിരിക്കും നിങ്ങൾക്ക് രക്ഷപ്പെടാൻ സാധിക്കുന്നത്.
തെറിക്കുത്തരം മുറിപ്പത്തൽ, പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്നത് ഒരു വിഭാഗത്തിന് മാത്രം ഉണ്ടാക്കിയതൊന്നുമല്ല. അസഭ്യമായി ആര്, എപ്പോൾ, എവിടെ പെരുമാറിയാലും മുന്നും പിന്നും നോക്കാതെ മറിച്ചൊന്നു ചിന്തിക്കാൻ പോലും അവസരം നൽകാതെ തിരിച്ചടിച്ചിരിക്കണം. കായികമായിട്ടല്ലെങ്കിൽ നാക്ക് കൊണ്ടെങ്കിലും. അല്ലെങ്കിൽ സാധ്യമായ മറ്റേത് രീതികൾ അവലംബിച്ചു കൊണ്ടാണെങ്കിലും ആ സാഹചര്യത്തിൽ യുക്തിപൂർവ്വം, ശക്തമായി തന്നെ പ്രതികരിക്കണം.
വീട്ടിലായാലും പൊതു ഇടങ്ങളിലായാലും വ്യക്തമായും ശക്തമായും അഭിപ്രായങ്ങൾ പറയാനും നിലപാടുകൾ വ്യക്തമാക്കാനും കഴിഞ്ഞാൽ നിങ്ങളുടെ സാമാധാനത്തിനും മാനസ്സിക പിരിമുറുക്കത്തിനും അയവുവരുന്നതോടൊപ്പം ആത്മവിശ്വാസവും സന്തോഷവും വർദ്ധിക്കും. ഇത് മുന്നോട്ടുള്ള ജീവിതത്തിന് കൂടുതൽ കരുത്ത് പകരും.
ഫെമിനിസം എന്നത് തുല്യതയ്ക്ക് വേണ്ടിയുള്ള നിലപാട് മാത്രമാകണം. മറ്റൊരാളെക്കാൾ ഉയർന്നു നിൽക്കണം എന്ന ചിന്ത നല്ലതാണ്. പക്ഷെ, മറ്റൊരാളെ ചവിട്ടിമെതിച്ചു മുന്നോട്ട് കുതിക്കുക എന്ന് അതിനർത്ഥമില്ല.
ഇന്ന് ഏറ്റവും കൂടുതൽ കണ്ടു വരുന്ന ഒന്നാണ് സ്ത്രീകൾക്കെതിരായ സാമൂഹ മാധ്യമങ്ങളിലെ ആക്രമണങ്ങൾ. വിദ്യാഭ്യാസവും ജോലിയും നേടിയെടുക്കുക എന്നത് പോലെ തന്നെ സമകാലിക സമൂഹത്തിൽ പ്രധാനപ്പെട്ട ഒന്നാണ് സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ യുക്തിപൂർവം കൈകാര്യം ചെയ്യുക എന്നത്. നിങ്ങളുടെ ഐഡന്റിറ്റിയും വ്യക്തിസ്വാതന്ത്രവും ഒരാളുടെയും ഔദാര്യമല്ലെന്ന് സ്വയം തിരിച്ചറിയുക.
സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്ന ഓരോ കാര്യങ്ങൾക്കുമൊടുവിൽ, അത് ചിലപ്പോൾ നിങ്ങളിഷ്ടപ്പെടുന്ന ഒരു ജോലിയാവാം; ചുറ്റുമുള്ളവർ ചോദിച്ചേക്കാവുന്ന ചോദ്യങ്ങളെ മുൻകൂട്ടി കാണുക, മുഖത്തു നോക്കി പറയാനാകാത്ത പക്ഷം ഉത്തരങ്ങളും കരുതിയിരിക്കുക. നിങ്ങളുടെ മൗനം ഒരിക്കലും നിങ്ങളുടെ മേൽ കുതിര കയറാനുള്ള ഒരവസരമാക്കി മാറ്റാതിരിക്കുക.
വാല് : മുകളിലെഴുതിയത് സ്ത്രീകൾക്ക് വേണ്ടി മാത്രമാണെന്ന് കരുതിയാൽ അതെന്റെ തെറ്റല്ല. മുകളിൽ പറഞ്ഞ എല്ലാകാര്യങ്ങളും പുരുഷന്മാർ കൂടി ആർജ്ജിച്ചെടുക്കേണ്ടവയാണ്.
പറയാനും എഴുതാനും ഒരുപാടുണ്ടെങ്കിലും തൽക്കാലം ഞാനിതിവിടെ അവസാനിപ്പിക്കുന്നു. നിങ്ങൾക്ക് പറയാനുള്ളത് കൂടി കേൾക്കാൻ താഴെയുള്ള കമന്റ് ബോക്സ് നിങ്ങൾക്കായി തുറന്നിടുന്നു.
©മോഹൻദാസ് വയലാംകുഴി
i love this immaculate post