Sharing Experience

ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്

വളരെ ചുരുക്കം ചിലരൊഴിച്ചാൽ ജ്ഞാനമുള്ള ഗുരുക്കന്മാരുടെ കാലം കഴിഞ്ഞു. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ പഠിപ്പിക്കുന്ന പല അധ്യാപകരും യോഗ്യത ഇല്ലാത്തവരാണ്. പന്ത്രണ്ടാം ക്ലാസ് തോറ്റ് പത്താം ക്ലാസ് യോഗ്യത മാത്രം വേണ്ടുന്ന TTC കഴിഞ്ഞു പ്രൈമറി സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകരിൽ നിന്ന് കുട്ടികൾക്ക് എന്ത് ലഭിക്കും എന്ന് ഊഹിക്കാമല്ലോ.

പ്രൈമറി സ്കൂളിൽ പഠിപ്പിക്കേണ്ടവരുടെ യോഗ്യത നിർണ്ണയം ഇനിയും ഉടച്ചു വാർത്തില്ലെങ്കിൽ നഷ്ടപ്പെടുന്നത് ഇനി വരുന്ന തലമുറകളെയാണ്. കുട്ടികളുടെ മനഃശാസ്‌ത്രം അറിയാവുന്ന, പഠിക്കുന്ന കുട്ടികളെയും പഠന വൈകല്യം നേരിടുന്ന കുട്ടികളെയും ഒരുപോലെ തിരിച്ചറിഞ്ഞു ചേർത്ത് നിർത്തിയാലെ ഒരു കുട്ടിയുടെ ബാല്യകാലം നല്ല രീതിയിൽ രൂപപ്പെടുകയുള്ളൂ. അതിന് യോഗ്യതയില്ലാത്ത അധ്യാപകരെയല്ല നിയമിക്കേണ്ടത്. കുട്ടികളുടെ പരിപാലനത്തിൽ പോലും മിടുക്കും കഴിവും യോഗ്യതയും തെളിയിക്കുന്ന അധ്യാപകരെയാണ് തിരഞ്ഞെടുക്കേണ്ടത്.

രണ്ടു വർഷങ്ങൾക്ക് മുമ്പ് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കത്തോലിക്ക സഭയുടെ CBSC സ്‌കൂൾ സന്ദർശിക്കാനിടയായി. അവിടെ പ്രധാന ഇടവഴിയിൽ സ്‌കൂളിന്റെ ഔദ്യോഗിക നോട്ടീസ് ബോർഡിൽ കുട്ടികൾ എഴുതിയ കഥകളും കവിതകളും പിൻ ചെയ്തുവെച്ചിട്ടുണ്ട്. മലയാളത്തിൽ ആണ്. വിരലിലെണ്ണാവുന്നതിലും കൂടുതലാണ് അക്ഷരത്തെറ്റുകൾ. ഞാൻ അന്വേഷിച്ചപ്പോൾ അവിടെ മലയാളം പഠിപ്പിക്കുന്ന അധ്യാപികയുമുണ്ട്. ബന്ധപ്പെട്ട അധ്യാപകർ തെറ്റുകൾ തിരുത്തിയല്ലേ ഇത്തരം സാഹിത്യ രചനകൾ സ്‌കൂളിന്റെ ഔദ്യോഗിക നോട്ടീസ് ബോർഡിൽ പതിപ്പിച്ചു വയ്ക്കേണ്ടത്. അതേ സ്‌കൂളിൽ ചില കുട്ടികളെ അവിടത്തെ പ്രധാനാധ്യാപകൻ ട്രീറ്റ് ചെയ്യുന്നത്, അവർ മണ്ടന്മാരായത് മുസ്ലീങ്ങൾ ആയത് കൊണ്ടാണ് എന്ന മുൻധാരണയോടെയാണ്. കഷ്ടം!

ഏകദേശം രാണ്ടായിരം മുതൽ സ്‌കൂളുകളിൽ അധ്യാപക-വിദ്യാർത്ഥി ബന്ധം ഉലഞ്ഞു തുടങ്ങിയിട്ടുണ്ടെന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് (ഇത് എന്റെ മാത്രം തോന്നലാണ്). ശിക്ഷിക്കുന്ന അധ്യാപകർക്കെതിരെ കുറ്റം ചുമത്താനും ശാരീരികമായോ മാനസ്സികമായോ ശിക്ഷിക്കരുത് എന്നൊക്കെയുള്ള നിയമങ്ങൾ വന്നതോടുകൂടി വിദ്യാർത്ഥികൾ അത് ശരിക്കും ചൂഷണം ചെയ്യാൻ തുടങ്ങി. അതേസമയം അധ്യാപകർ വെറും ശമ്പളത്തിന് വേണ്ടിമാത്രം ജോലി ചെയ്യുന്ന കൂലിപ്പണിക്കാർ എന്ന നിലയിലേക്ക് മാറുവാനും തുടങ്ങി. അധ്യാപികമാർ സ്‌കൂളിൽ വരുന്നത് കണ്ടാൽ ഫാഷൻ ഷോയ്ക്ക് പോകുന്നതാണോ എന്നുപോലും തോന്നിപ്പോകും.

പണ്ടൊക്കെ ഒരു സ്‌കൂളിലെ മിക്ക കുട്ടികളുടെയും അവസ്ഥ നേരിട്ടറിയുന്നവരായിരുന്നു അധ്യാപകർ. അതുകൊണ്ട് തന്നെ അവർക്ക് ഒരു കുട്ടിയുടെ വളർച്ചയിലും പഠനത്തിലും ഒരുപോലെ ശ്രദ്ധിക്കാൻ പറ്റുമായിരുന്നു. ഇപ്പോഴത്തെ അധ്യാപകർ പഠിക്കുന്ന കുട്ടികളെ മാത്രം ഫോക്കസ് ചെയ്തു പഠിക്കാത്ത കുട്ടികളെ നീ മണ്ടനാണ്, നീ ഒരിക്കലും നന്നാവില്ല എന്ന മുൻ വിധിയോടുകൂടി പെരുമാറുന്ന അവസ്ഥ നേരിൽ കണ്ടിട്ടുണ്ട്. ഒരുപക്ഷേ, ഒരല്പം ശ്രദ്ധകൊടുത്താൽ ഭാവിയിൽ മികച്ചൊരു പൗരനാകാൻ സാധ്യതയുള്ള ഒരു ബാല്യത്തെയാണ് മുളയിലേ കരിയിച്ചു കളയുന്നത്.

പണ്ടൊക്കെ അധ്യാപനം പാഷൻ ആയിരുന്നെങ്കിൽ ഇപ്പോഴതൊരു ഫാഷനായി മാറിയിരിക്കുന്നു. പൈസയുള്ളവന് സ്റ്റാറ്റസ് സിംബലിന് വേണ്ടിയൊരു ജോലി. വീട്ടിൽ വെറുതേയിരിക്കുന്നത് ഒഴിവാക്കാനൊരു ഇടത്താവളം. മറ്റൊന്നിലും വിജയിക്കാത്തപ്പോൾ പൈസ കൊടുത്ത് TTC ക്കോ BEd നോ ചേർന്ന് തട്ടിയും മുട്ടിയും പാസ്സായി ഒരു തലമുറയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ചാവേറുകൾ.

ഇത് പ്രൈമറി തലത്തിലെ കാര്യമെങ്കിൽ കോളേജ് തലത്തിലേക്ക് പോയി നോക്കാം. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞിറങ്ങിയാലും സ്വന്തമായി ഒരു ബയോഡാറ്റ ഉണ്ടാക്കാനോ ഒരു ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കാനോ ബാങ്കിലെ ചലാൻ പൂരിപ്പിക്കാനോ അറിയാത്തവരാണ് ഒട്ടുമുക്കാലും. ബാക്കിയുള്ളവരാകട്ടെ സ്വന്തം പരിശ്രമം കൊണ്ട് പഠിച്ചവരും.

നൈപുണ്യവികസനത്തിന്റെ ആവശ്യകതയും വിദ്യാഭ്യാസത്തിന്റെ പൊളിച്ചെഴുത്തും അനിവാര്യമായ കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. പഠിക്കാൻ ഒരുപാട് വഴികളുണ്ട്. പഠിപ്പിക്കാൻ അധ്യാപകർ തന്നെ വേണമെന്നും ഇല്ല. പുസ്തകരചയിതാവിനോട് നേരിട്ട് സംവദിച്ചും ചോദ്യങ്ങൾ ചോദിച്ചും സംശയ നിവാരണം വരുത്തുന്ന വിദ്യാർത്ഥികളും ഉണ്ട്. വിദ്യാലയങ്ങളിൽ പോകാതെ തന്നെ പല വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നവരും രണ്ടിലധികം ഭാഷകൾ വളരെ സുഖമമായി കൈകാര്യം ചെയ്യുന്ന മിടുക്കരും ഉണ്ട്. ഒരു ഗുരുതുല്യനായ ഒരാളുണ്ടായിരുന്നെങ്കിൽ അതിലും മികവ് പുലർത്താൻ അവർക്ക് കഴിയുമായിരുന്നു, ചിലപ്പോൾ നശിക്കാനും.

ഇനി പറയാൻ പോകുന്നത് നാണിപ്പിക്കുന്ന അധ്യാപകരെകുറിച്ചാണ്.

രാജ്യത്തെ മികച്ച യൂണിവേഴ്‌സിറ്റികളിൽ Ph.D ഗൈഡായി പ്രവർത്തിക്കുന്ന അധ്യാപകരുടെ കേളികൾ ലോകം അറിയുക തന്നെ വേണം. പെൺകുട്ടികളെ കിടപ്പറയിലേക്ക് ക്ഷണിക്കുകയും ആൺകുട്ടികളെ അടിമപ്പണിയെടുപ്പിക്കുകയും ചെയ്യുന്ന അധ്യാപകരുണ്ടെന്നുള്ളത് നിങ്ങൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടായേക്കാം. പക്ഷെ സത്യം അതാണ്. തന്റെ വിദ്യാർത്ഥിയുടെ ഗവേഷണ പ്രബന്ധം അടിച്ചു മാറ്റി യാതൊരു ഉളുപ്പുമില്ലാതെ സ്വന്തം പേരിൽ പ്രസിദ്ധികരിക്കുന്ന മികച്ച ഗൈഡും ഉണ്ട്. ജാതിയും മതവും നിറവും നോക്കി മനഃപൂർവ്വം പരീക്ഷകളിൽ തോൽപ്പിക്കുന്ന ഇന്റെണൽ മാർക്ക് കൊടുക്കാതെ ജീവിതം തർത്തെറിയുന്ന സൈക്കോ അധ്യാപകരും ഉണ്ട്.

ഏറ്റവും കൂടുതൽ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ഇപ്പോൾ അധ്യാപകരാണ്. അതിൽ ഒട്ടുമുക്കാലും സ്വന്തം വിദ്യാർത്ഥികൾക്കൊപ്പവും. ഇതു തന്നെയാണ് ബലാത്സംഗത്തിലേക്കും മറ്റു ലൈംഗിക ചൂഷണത്തിലേക്കും വഴിമാറുന്നത്.

മാതൃകാ അധ്യാപകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച അമ്പത് വയസ്സിനടുത്തു പ്രായമുള്ള ഒരധ്യാപകൻ തന്റെ നേരെ പകുതി വയസ്സുള്ള ഒരു അധ്യാപികയോട് ചാറ്റ് ചെയ്ത സ്ക്രീൻ ഷോട്ട് കണ്ടപ്പോൾ ഞെട്ടിത്തരിച്ചിരുന്നുപോയി. അയാൾ ഒരു ഗേൾസ് സ്കൂൾ അധ്യാപകൻ ആണെന്ന് കൂടി അറിഞ്ഞപ്പോൾ, അയാളെ കണ്ടും കേട്ടും ജീവിക്കുന്ന ആ കുട്ടികൾ നേരിടേണ്ടി വരുന്ന സംഘർഷങ്ങൾ എത്രത്തോളമായിരിക്കും എന്നത് എന്നെ ഏറെ വിഷമിപ്പിച്ച ഒന്നാണ്. അയാളെക്കുറിച്ചുള്ള ഇന്റർവ്യൂകൾ കണ്ടപ്പോൾ മാതൃകാധ്യാപകനുള്ള ഓസ്കാർ ആണ് ലഭിക്കേണ്ടതെന്ന് തോന്നിപ്പോകുംവിധം അത്രെയേറെ മാന്യതയോടെയാണ് സംസാരവും പെരുമാറ്റവും. ഒരുകൂട്ടം വിദ്യാർഥികൾ ചെയ്ത കുമ്പസാരവീഡിയോ കണ്ടപ്പോൾ എന്തു കൊണ്ടോ എന്റെ മനസിലേക്ക് വന്നത് അയാളുടെ രൂപമായിരുന്നു. അവാർഡുകൾ വാരിക്കൂട്ടിയ, പ്രശസ്തനായ ഒരധ്യാപകനിൽ നിന്ന് നമുക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ ആരൊക്കെ വിശ്വസിക്കും എന്ന് ചോദിച്ച ആ കുട്ടികൾ പറഞ്ഞതും അധ്യാപകനിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ ആയിരുന്നു.

സ്റ്റാഫ് റൂമിലിരുന്നു അധ്യാപകയെ നോക്കി ലിംഗം പുറത്തു കാണിച്ച അധ്യാപകനും ചെറിയ തെറ്റിന് കുനിഞ്ഞു നിൽക്കാൻ പറയുന്ന അധ്യാപകനും പീഡന വീരന്മാരായ മദ്രസ അധ്യാപകരും ഇന്ത്യയുടെ ശാപമാണ്.

അധ്യാപനമെന്നത് ഒരു ധ്യാനം പോലെ ചെയ്യേണ്ട ഒരു കർമ്മമാണ്. ഒരു ധ്യാനത്തിലൂടെ സ്വയം തിരിച്ചറിയുകയും മറ്റുള്ളവർക്ക് തിരിച്ചറിവിന് മാർഗ്ഗമാവുകയും ചെയുന്ന അധ്യാപകരെയാണ് നമുക്ക് വേണ്ടത്. അതില്ലാതെ പോയത് കൊണ്ടാണ് ചിലരുടെ കാട്ടിക്കൂട്ടലുകൾ അധ്യാപകർ എന്ന സമൂഹത്തിനും അധ്യാപനം എന്ന ശ്രേഷ്ഠ തൊഴിലിനും മാനക്കേടുണ്ടാക്കുന്നത്.

Yogihttps://www.yogilive.in
ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

Related Stories

Discover

മഹത്തായ ഭാരതീയ അടുക്കള

"ഞാനിങ്ങനെ മിണ്ടാണ്ടിരിക്കുന്നതും സഹിക്കുന്നതും നിങ്ങളെ പേടിച്ചിട്ടൊന്നുമല്ല, നിങ്ങളോടുള്ള ബഹുമാനവും സ്നേഹവും കൊണ്ടാണ്. തിരിച്ചും അത് പ്രതീക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല..."

വീടിനു വേണ്ടി ഓടിനടക്കുന്ന, വീട്ടമ്മമാർക്കുള്ള പോക്കറ്റ് ജിം വീട്ടിലൊരുക്കൂ…

പോക്കറ്റ് ജിം എന്ന ആശയം പോക്കറ്റ് കാലിയാകാതെ പോക്കറ്റിലൊതുങ്ങുന്ന സാധനങ്ങൾ കൊണ്ടുനടക്കാനും ആരോഗ്യസംരക്ഷണത്തിനുള്ള ഏറ്റവും മികച്ച, ചിലവ് കുറഞ്ഞ മാർഗ്ഗമായി ഉപയോഗിക്കാനും വേണ്ടിയുള്ളതാണ്.

ശബ്ദമില്ലാത്ത ഭാഷാധ്യാപകന്റെ ജീവിതസമരത്തിന് പരിസമാപ്തി

2017 ലെ സർജറിക്ക് ശേഷം ഡോ. ബാരേയ്ക്ക് സംസാരശേഷി നഷ്ടപ്പെടുകയും പിന്നീടദ്ദേഹം കമ്പ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് Text to Speach എന്ന സോഫ്റ്റ് വെയറിന്റെ അനന്തമായ സാധ്യതകളിലൂടെയാണ് മനോഹരമായി ക്ലാസ്സെടുത്തിരുന്നത്

Bold and Beautiful Helen of Sparta

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

Ranipuram – Ooty of Kerala

The breathtaking beauty of Ranipuram hill station of Kasargod is a major tourist attraction of Kerala

ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്

പണ്ടൊക്കെ അധ്യാപനം പാഷൻ ആയിരുന്നെങ്കിൽ ഇപ്പോഴതൊരു ഫാഷനായി മാറിയിരിക്കുന്നു. പൈസയുള്ളവന് സ്റ്റാറ്റസ് സിംബലിന് വേണ്ടിയൊരു ജോലി. വീട്ടിൽ വെറുതേയിരിക്കുന്നത് ഒഴിവാക്കാനൊരു ഇടത്താവളം. മറ്റൊന്നിലും വിജയിക്കാത്തപ്പോൾ പൈസ കൊടുത്ത് TTC ക്കോ BEd നോ ചേർന്ന് തട്ടിയും മുട്ടിയും പാസ്സായി ഒരു തലമുറയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ചാവേറുകൾ.

Popular Categories

Comments

LEAVE A REPLY

Please enter your comment!
Please enter your name here