കല്യാണം കഴിഞ്ഞ ഒരു സ്ത്രീക്ക് സ്വന്തമെന്ന് പറയാൻ ഒരു വീടുണ്ടോ? ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. നീ കയറി വന്നവളല്ലേ എന്ന് ഭർത്താവിന്റെ വീട്ടുകാരും, നിന്നെ കെട്ടിച്ചു വിട്ടതല്ലേ എന്ന് സ്വന്തം വീട്ടുകാരും. സ്വന്തമായി ജോലിയും സ്വന്തമായൊരു വീടും ഉണ്ടെങ്കിൽ നിങ്ങൾക്ക് പറയാം…
ഇതെന്റെ വീട്…!
അതുകൊണ്ട് തന്നെ കല്യാണം എന്ന ആ വലിയ തീരുമാനത്തിലേക്ക് എത്തും മുമ്പ് പലതവണ ആലോചിക്കണം. അതിപ്പോൾ പ്രേമ വിവാഹമാണെങ്കിലും ശരി വീട്ടുകാർ ആലോചിച്ചുറപ്പിക്കുന്നതാണെങ്കിലും ശരി.
പ്രേമിക്കുന്നവർ തമ്മിൽ പരസ്പരം തുറന്നു പറയുക എന്നത് തന്നെയാണ് നിങ്ങൾ പരസ്പരം അത്രമേൽ സ്നേഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും ആത്മാർഥമായ കാര്യം. ഒടുവിൽ പരസ്പരമറിയാതെ മറ്റാരെയെങ്കിലും ജീവിതത്തിൽ ഒപ്പം കൂട്ടി മൂത്തുനരച്ചിരിക്കുമ്പോൾ നിങ്ങൾക്ക് ഒരു പുനർവിചിന്തനം തോന്നിയാൽ ഒന്ന് നീട്ടി നെടുവീർപ്പിട്ടു മേലോട്ട് നോക്കി ഇരിക്കുകയേ രക്ഷയുള്ളൂ.. മറ്റൊന്നും ചെയ്യാനും പറ്റില്ല. പലപ്പോഴും സംഭവിക്കുന്നത്, വ്യക്തമായും സുദൃഢമായും കമ്മ്യൂണിക്കേഷൻ നടക്കാത്തതു കാരണം പല ചെറിയ പ്രശ്നങ്ങളും വലിയ പ്രശ്നങ്ങളിൽ ചെന്ന് കലാശിക്കുന്നു എന്നതാണ്.
മാസശമ്പളം കൊടുക്കാതെ സൗജന്യമായി വീട്ടുജോലിക്കാരിയെ കിട്ടുന്ന അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ പ്രതിഭാസമാണ് ഇന്ത്യയിൽ ഭാര്യ പദവി. അതിൽ കൂടുതൽ ഒരു സ്ത്രീക്ക് എന്തെങ്കിലും അധിക പദവി ലഭിക്കണമെങ്കിൽ വിദ്യാഭ്യാസവും ജോലിയും സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയും ഉണ്ടായിരിക്കണം.
സമൂഹം ചാപ്പകുത്തുന്നൊരു Tag Line ഉണ്ട്.
നീയൊരു പെണ്ണാണ്…!
‘ചില’ കല്യാണം കഴിഞ്ഞ പെണ്ണുങ്ങളുണ്ട്. നെറ്റിയിൽ കുങ്കുമവും കഴുത്തിൽ വലിയ താലി മാലയും കാലിൽ മിഞ്ചിയും അണിഞ്ഞു കുലസ്ത്രീ ചമഞ്ഞ് നടക്കുമ്പോഴേ അറിയാം, അതിലെന്തോ കള്ളത്തരമുണ്ടെന്ന്.
ഇതേപോലെ തന്നെ പർദ്ദയിലും ‘ചിലർ’ കാണിക്കുന്ന കണ്ണ് മാത്രം മൂടി നടക്കൽ.
കല്യാണമെന്നൊക്കെയുള്ളത് ഒരു കൂട്ടിച്ചേർക്കൽ ആണ്, വില്പനയല്ല. സിംബലുകളിൽ ജീവിക്കുന്നവർ പലപ്പോഴും സ്വയം പറ്റിച്ചുകൊണ്ടിരിക്കുകയാണ്. കള്ളത്തരങ്ങൾ കൂടുമ്പോഴും ചിലർ സ്വയം എടുത്തണിയുന്ന മൂടുപടമാണ് കൂടുതൽ കുലീനത.
സ്ത്രീധനം കൊടുത്ത് കെട്ടിച്ചു വിടുമ്പോൾ രക്ഷിതാക്കൾ ചെയ്യേണ്ടത്,
പറ്റുമെങ്കിൽ സ്വന്തം മകളുടെ പേരിൽ തന്നെ സ്വത്ത് രജിസ്റ്റർ ചെയ്തു കൊടുക്കുക…
വീടായാലും, കാറായാലും, സ്വർണ്ണമായാലും…
അതവളുടെ ആത്മവിശ്വാസമായിരിക്കും. ഒരുപക്ഷെ, ഒരു ആത്മഹത്യയിൽ നിന്നുള്ള മുൻകൂട്ടിയുള്ള രക്ഷപ്പെടുത്തൽ.
ഈ ലോകം പെണ്ണിന്റേതുകൂടിയാണെന്ന പരമസത്യം മനസ്സിലാക്കുക. പിന്നെ ദുഃഖിക്കേണ്ടി വരില്ല. മനസ്സ് മടുക്കുമ്പോൾ ദീർഘനിശ്വാസം എടുത്ത് ലോകത്തോട് ഉറക്കെ വിളിച്ചു പറയുക, “ഹക്കുനാ മതാത” എന്ന്.
മറ്റൊരു പ്രശ്നം സ്ത്രീ സൗഹൃദ ദാരിദ്ര്യമാണ് പലപ്പോഴും സ്ത്രീകളോടുള്ള Physical & Mental Harassment ലേക്കും Online Harassment ലേക്കും ഒളിഞ്ഞു നോട്ടത്തിലേക്കും എത്തിക്കുന്നത്. നിങ്ങൾക്ക് നല്ലൊരു പെൺ സൗഹൃദമുണ്ടെങ്കിൽ, നിങ്ങൾ ഒരു കൂട്ടത്തിനൊപ്പം ഇടപഴകുന്ന ആളാണെങ്കിൽ നിങ്ങൾക്കൊരിക്കലും ഒരു പെൺകുട്ടിയോടും മോശമായി പെരുമാറാൻ സാധിക്കില്ല. നിങ്ങൾ കള്ളത്തരം കാണിക്കുമ്പോഴാണ് ഒരു മറ എപ്പോഴും ആവശ്യമായി വരുന്നത്. കള്ളത്തരം കാണിക്കുന്നവർ അറിയുന്നില്ല ലോകം ഇന്ന് CCTV പോലെ ഉണർന്നിരിക്കുന്നുവെന്ന്. നിങ്ങൾക്ക് ആഗ്രഹമുള്ളത് തട്ടിപ്പറിക്കുകയല്ല വേണ്ടത്, ചോദിച്ചു വാങ്ങുകയാണ് വേണ്ടത്. ഇവിടേയും കമ്മ്യൂണിക്കേഷൻ തന്നെയാണ് വില്ലനായി വരുന്നത്. ആണും പെണ്ണും പരസ്പരം ഇഴുകി ചേർന്നു തന്നെ ജീവിച്ചു തുടങ്ങണം. കല്യാണത്തിനും കുടുംബ ജീവിതത്തിനുമിടയ്ക്ക് ഇത്തരം വളർന്നു വരുന്ന വഴികൾ വളരെയധികം പ്രാധാന്യമുള്ളതാണ്.
കൂട്ടം തെറ്റിപ്പോകുന്ന കുഞ്ഞാടുകളെ തക്കം പാർത്തിരുന്നു ആക്രമിക്കാൻ പൊന്തക്കാടുകളിൽ കണ്ണും കാതും തുറന്നു തക്കം പാർത്തിരിക്കുന്ന ക്രൂരമൃഗങ്ങളിൽ നിന്ന് രക്ഷിക്കാൻ നടന്നാൽ ആട്ടിടയന് നഷ്ടപ്പെടുന്നത് അവന്റെ വലിയൊരു ആട്ടിൻപറ്റത്തെയാണ്. കൂട്ടത്തിലൊരെണ്ണം ചത്താലും ബാക്കിയുള്ള മുഴുവൻ ആടുകളെയും ആട്ടിടയന് കിട്ടുമല്ലോ…!!
നിങ്ങൾ നിങ്ങളെ തന്നെ കൂടുതൽ ശ്രദ്ധിക്കുക. കഴിവതും ഹാപ്പിയായിരിക്കുക. നെഗറ്റീവ് ആയ വ്യക്തികളെ ജീവിതത്തിൽ നിന്നും അകറ്റി പോസിറ്റീവ് ആയ വ്യക്തികളുമായി അടുക്കുക. പുറമേ എന്തൊക്കെ ചെയ്താലും സന്തോഷം അഭിനയിച്ചാലും ഒരാളുടെ, തന്റെയുള്ളിലെ യഥാർത്ഥ മുഖമാണ് പുറത്തേക്ക് പ്രതിഫലിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ മുഖത്തെ ഭാവങ്ങൾ പോലും മറ്റുള്ളവർക്ക് അടിക്കാനുള്ള ചെണ്ടയാക്കരുത്.
ലോകം തന്നെ നമുക്കെതിരായാലും നമ്മൾ ജീവിക്കണം. ജീവിച്ചേ മതിയാകൂ. കാരണം, നമ്മളെ ചുറ്റിപ്പറ്റി ചിലർ ജീവിക്കുന്നുണ്ട്. നമുക്ക് വേണ്ടി മാത്രം ജീവിക്കുന്നവർ… ഈ ഭൂമിയിൽ മനുഷ്യനായി ജനിച്ചാൽ സങ്കടവും സന്തോഷവും കഷ്ടപ്പാടുകളും അനുഭവിക്കണമെന്ന് അവതാരപുരുഷന്മാരുടെ കഥകൾ പോലും നമ്മെ പഠിപ്പിക്കുന്നുണ്ട്. അതാണ് ഭൂമിയിലെ ജീവിതം. അതിജീവനം ഒന്ന് മാത്രമാണ് നമ്മുടെ മുന്നിലുള്ളത്… അതെ, ഈ സമയവും കടന്നുപോകും…
ഇന്ന് പുച്ഛിച്ചവരൊക്കെ നാളെ നമുക്ക് പിന്നാലെ വരും, വരുത്തും നമ്മളെ കണ്ട് ലജ്ജിക്കും എന്നൊക്കെയുള്ള ക്ളീഷേ ഡയലോഗുകളിൽ പിടിച്ചു തൂങ്ങാതെ ആര് വന്നാലും വന്നില്ലെങ്കിലും നമ്മൾ ഇതിനേക്കാൾ നന്നായി ജീവിക്കും, അല്ലെങ്കിൽ ജീവിക്കണം എന്നൊരു നിശ്ചയദാർഢ്യം മാത്രം മതി നിങ്ങൾ നിങ്ങളാവാൻ. അനാവശ്യവും അസ്ഥാനത്തുള്ളതുമായ ഏത് തരം പകയും വിദ്വേഷവും നിങ്ങളുടെ തന്നെ നാശത്തിനേ ഉപകരിക്കൂ…
നമുക്ക് മുന്നിൽ മലർക്കെ തുറന്നു കിടക്കുന്ന ലക്ഷക്കണക്കിന് വാതിലുകൾ മുന്നിലുള്ളപ്പോൾ നമ്മളെന്തിന് നമുക്ക് മുന്നിൽ അടഞ്ഞു കിടക്കുന്ന ഒന്നോ രണ്ടോ വാതിലുകൾക്ക് മുന്നിൽ പോയി തുറക്കുന്നതുവരെ കാത്തിരിക്കണം….!!
മാർഗ്ഗമല്ല പ്രധാനം ലക്ഷ്യം തന്നെയാണ്. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു, എന്നേയുള്ളൂ…
നമ്മൾ നമ്മളല്ലാതായിത്തീരുന്ന ഒരവസ്ഥ, അതാണ് Marriage.
നിൻറെ യൗവ്വനം നീയുടച്ചു കളയരുത്,
വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക…
മതി മറന്നാടുക, മരണം വരെ…
fabulous