സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കേരള സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍
ആമുഖം
എം.എസ്.എം.ഇ (MSME – Ministry of Micro, Small & Medium Enterprises) സെക്ടറുകള്‍ക്ക് വലിയ പ്രാധാന്യമാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിവരുന്നത്. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്ക ഇല്ലാതെ സംരംഭമേഖലയിലേക്ക് കടന്നുവരുവാന്‍ കഴിയുന്ന ധാരാളം സര്‍ക്കാര്‍ സഹായ പദ്ധതികള്‍ നിലവിലുണ്ട്. സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വരെ യാതൊരു ജാമ്യവും ഇല്ലാതെ വായ്പ നല്‍കുന്നതിന് വ്യവസ്ഥയുണ്ട്. തുടങ്ങുന്ന സ്ഥാപനം മാത്രമാണ് ഇവിടെ ജാമ്യം. എല്ലാ വാണിജ്യബാങ്കുകള്‍ക്കും ഇത് സംബന്ധിച്ച് റിസര്‍വ്വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ജാമ്യം ഇല്ലാതെ മാത്രമേ വായ്പ നല്‍കാവൂ എന്നാണ് നിര്‍ദ്ദേശം. നല്ല ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉത്പന്നങ്ങള്‍ക്ക് ഇത് 25 ലക്ഷം രൂപ വരെയാണ്. ഒരുകോടി രൂപ വരെയുള്ള പദ്ധതികള്‍ ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി പ്രകാരവും മറ്റ് ജാമ്യങ്ങള് ഇല്ലാതെ വായ്പ അനുവദിക്കണം. ബാങ്ക് വായ്പയോടൊപ്പം സര്‍ക്കാര്‍ സബ്സിഡി നല്കുന്ന നിരവധി പദ്ധതികള്‍ നിലവിലുണ്ട്.
വ്യവസായ വാണിജ്യവകുപ്പ്, തൊഴില്‍വകുപ്പ്, ഖാദി ബോര്‍ഡ്/കമ്മീഷന്, ഫിഷറീസ് വകുപ്പ്, കൃഷിവകുപ്പ് എന്നിവയില്‍നിന്നും സബ്സിഡി ആനുകൂല്യങ്ങള്‍ ലഭിക്കും. ജില്ലാ വ്യവസായകേന്ദ്രം, ഖാദിബോര്‍ഡ്/കമ്മീഷന് എന്നിവ വഴി നടപ്പാക്കുന്ന പ്രധാനമന്ത്രിയുടെ തൊഴില്‍ദാനപദ്ധതി പ്രകാരം 15% മുതല്‍ 35% വരെ സര്‍ക്കാര്‍ ഗ്രാന്റ് ലഭ്യമാണ്. പി.എം.ഇ.ജി.പി (PMEGP – Prime Minister’s Employment Generation Programme) പ്രകാരം വനിതാസംരംഭകരെ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉയര്‍ന്ന പരിഗണനയും ഗ്രാന്റും നല്കിവരുന്നു. 25 ലക്ഷം രൂപവരെയുള്ള പദ്ധതികള്‍ക്ക് ഇത് പ്രകാരം വായ്പക്ക് അപേക്ഷിക്കാവുന്നതാണ്. (സേവനസ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം രൂപ വരയേ വായ്പ ലഭിക്കൂ) മൊത്തം പ്രോജക്ട് കോസ്റ്റ് കണക്കിലെടുത്താണ് ഗ്രാന്റ് നല്‍കുന്നത്.
സ്വയംതൊഴില്‍ വായ്പ പദ്ധതി പ്രകാരം അല്ലാതെ ബാങ്ക് വായ്പ എടുക്കുന്നവര്‍ക്കും വായ്പ എടുക്കാതെ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കും സബ്സിഡി നല്കാന് പദ്ധതിയുണ്ട്. ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി നടപ്പാക്കുന്ന എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്കീം പ്രകാരമാണ് ഈ രീതിയില്‍ സബ്സിഡി ലഭിക്കുന്നുത്. ഉത്പാദന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സ്ഥാപനം ആരംഭിക്കുന്നതിനും, നിലവിലുള്ളവ വികസിപ്പിക്കുന്നതിനും സബ്സിഡി ലഭിക്കും. ഭൂമി, കെട്ടിടം, മെഷിനറികള്‍ മറ്റ് ആസ്തികള്‍ എന്നിവയില്‍ വന്നിട്ടുള്ള സ്ഥിര നിക്ഷേപത്തെ കണക്കിലെടുത്താണ് സബ്സിഡി അനുവദിക്കുന്നത്.
സ്ഥിര നിക്ഷേപത്തിന്റെ 15% മുതല്‍ 40% വരെയാണ് സബ്സിഡി. 30 ലക്ഷം രൂപ വരെ ഇത് പ്രകാരം സബ്സിഡി ലഭിക്കും. ഉത്പാദനം/വികസനം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ ഇതിനുള്ള അപേക്ഷകള്‍ ജില്ലാ വ്യവസായകേന്ദ്രത്തിലോ, സബ് ഓഫീസുകളിലോ സമര്‍പ്പിക്കണം. ബാങ്ക് വായ്പ എടുക്കുന്നവര്‍ക്ക് 3 ലക്ഷം രൂപ വരെ സ്റ്റാര്‍ട്ട്അപ് സബ്സിഡിയായി ഈ പദ്ധതി പ്രകാരം അനുവദിക്കും. സംരംഭം ആരംഭിക്കുന്നതിന് സാങ്കേതികപരിജ്ഞാനം ലഭ്യമാക്കുവാന്‍ എംഎസ്എംഇ ഡവലപ്മെന്റ് യൂണിറ്റ് തൃശൂര്‍, ഏറ്റുമാനൂര്‍, ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങി നിരവധിയായ സര്‍ക്കാര്‍ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംരംഭം ആരംഭിക്കുന്നതിന് ആവശ്യമായ ലൈസന്‍സുകളും, ക്ലിയറന്‍സുകളും ലഭ്യമാക്കുന്നതിന് വ്യവസായവകുപ്പില്‍ നിന്നും കൈത്താങ്ങ് സഹായവും ലഭിക്കുന്നതാണ്. ഒരു സംരംഭം എന്ന ആശയവുമായി മുന്നോട്ടുവരുന്നവര്‍ക്ക് സാങ്കേതിക സാമ്പത്തിക സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്ത് അവരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാന്‍ കഴിയുന്ന എല്ലാ ഭൗതിക സാഹചര്യവും നിലവിലുണ്ട്. പിന്നോക്കവിഭാഗ വികസന കോര്പറേഷന് (മതന്യൂനപക്ഷങ്ങള്‍ക്ക് ഉള്‍പ്പെടെ) വനിതാവികസന കോര്പറേഷന്, എസ്.സി/എസ്.ടി വികസന കോര്പറേഷന്, 2003ല്‍ പ്രവര്‍ത്തനം ആരംഭിച്ച ന്യൂനപക്ഷവികസന ധനകാര്യ കോര്പ്പറേഷന്, കൃഷി, മത്സ്യവകുപ്പുകള്‍ തുടങ്ങിയ ഏജന്‍സികളും വളരെ കുറഞ്ഞ പലിശനിരക്കില്‍ വ്യവസായ വായ്പകള്‍ നല്കിക്കൊണ്ടിരിക്കുന്നു. സംസ്ഥാന സംരംഭവികസന മിഷന് പ്രകാരം പലിശ ഇല്ലാതെ 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കേരളത്തിലെ ധനകാര്യവകുപ്പ് കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കെ.എഫ്.സിയുടെ വെബ്സൈറ്റ് വഴി ഇതിനായി രജിസ്റ്റര്‍ ചെയ്യാം. ‘ഖാദിബോര്‍ഡ്’ എന്റെ ഗ്രാമം എന്ന പേരില്‍ ഒരു സ്വയം തൊഴില്‍ വായ്പ പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഇതുപ്രകാരം 5 ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ക്ക് വായ്പ ലഭിക്കും. 35% വരെ സര്‍ക്കാര്‍ സബ്സിഡിയും ലഭ്യമാണ്.
കെ.എഫ്.സി വഴി നടപ്പാക്കുന്ന സംരംഭവികസന മിഷന് പദ്ധതി പ്രകാരം പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് പാര്‍ട്ണര്‍ഷിപ്പായി സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ വായ്പ ലഭിക്കും. 5 പേര് വരെ ചേര്‍ന്നുള്ള പങ്കാളിത്ത സ്ഥാപനങ്ങള്‍ക്ക് 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. രണ്ടുപേര്‍ ചേര്‍ന്നും അപേക്ഷ സമര്‍പ്പിക്കാം. സ്വന്തം നിലയില്‍ സംരംഭം ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വായ്പ ലഭിക്കും. പലിശരഹിതവായ്പയാണ് നല്‍കുന്നത് എന്നതും ആദ്യത്തെ ഒരുവര്‍ഷത്തേക്ക് വായ്പാതിരിച്ചടവിന് മോറട്ടോറിയം ഉണ്ട് എന്നതും പദ്ധതിയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.
എംപ്ലോയ്മെന്റ് വകുപ്പ്
സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിക്കുവാന്‍ എംപ്ലോയ്മെന്റ് വകുപ്പ് വഴി മൂന്ന് വായ്പാ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്.
ഒരുലക്ഷം രൂപവരെയുള്ള പദ്ധതികള്‍ക്ക് വായ്പയും 20 ശതമാനം വരെ സര്‍ക്കാര്‍ ഗ്രാന്റും നല്കുന്ന പദ്ധതിയാണിത്.
മൾട്ടിപര്‍പസ് ജോബ് ക്ലബ്
അഞ്ചു പേര് ചേര്‍ന്നുള്ള കൂട്ട് സംരംഭങ്ങള്‍ക്കാണ് ഇതുപ്രകാരം വായ്പ. മിനിമം രണ്ട് പേര് ചേര്‍ന്ന് ഈ പദ്ധതിപ്രകാരം വായ്പക്ക് അപേക്ഷിക്കാം. 10 ലക്ഷം രൂപയാണ് പരമാവധി വായ്പ. 25% സര്‍ക്കാര്‍ സബ്സിഡിയും ലഭിക്കും. (പരമാവധി 2 ലക്ഷം രൂപ വരെ).
ശരണ്യ
സ്ത്രീകള്‍ക്കായി മാത്രം നടപ്പാക്കിവരുന്ന സാമൂഹ്യപദ്ധതിയാണിത്. വിധവകള്‍, വിവാഹമോചനം നേടിയ വനിതകള്‍, ഭര്‍ത്താവിനെ കാണാതെപോയ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കാണ് ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുക. ഒരുലക്ഷം രൂപയില്‍ താഴെ കുടുംബവാര്‍ഷിക വരുമാനമുള്ളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത ബാധകമല്ലാതെ ഇത് പ്രകാരമുള്ള വായ്പയും സബ്സിഡിയും ലഭിക്കും. 30 വയസ് പൂര്‍ത്തിയായിട്ടും അവിവാഹിതരായി കഴിയുന്ന സ്ത്രീകള്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം. 50,000 രൂപ വരെയുള്ള ഈ സംരംഭങ്ങള്‍ ആരംഭിക്കാം. 50% പരമാവധി 25,000 രൂപ വരെ സബ്സിഡിയും ഇത് പ്രകാരം ലഭിക്കും. ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി ഇതിനായി അപേക്ഷ സമര്‍പ്പിക്കാം.
വ്യവസായ സംരംഭകത്വ പരിശീലനം (EDP – Entrepreneur Development Programme)
സൂക്ഷ്മ-ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങുവാന്‍ താല്പര്യമുളള 18 നും 45 നും ഇടയില്‍ പ്രായമുളള പത്താംക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുളള യുവതീ യുവാക്കള്‍ക്കായി സംരംഭകത്വ പരിശീലന പരിപാടി ജില്ലാ വ്യവസായ കേന്ദ്രമാണ് സംഘടിപ്പിക്കുന്നത്.
15 ദിവസത്തെ ഈ സൗജന്യ പരിശീലനത്തിന് ആർക്കും പങ്കെടുക്കാവുന്നതാണ്. വ്യത്യസ്ത മേഖലയിൽ നിന്നും ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ പരിശീലകർ ഉണ്ടാകും. അവസാന ദിവസം വ്യവസായ സംരംഭങ്ങൾ സന്ദർശനം നടത്തി പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യും.
സ്വയംതൊഴിൽ സംരംഭകർക്ക് വായ്പ ലഭിക്കാൻ
- പ്രധാനമന്ത്രിയുടെ തൊഴില്‍ ദായക പദ്ധതി (പി.എം.ഇ.ജി.ഡി.)
പുതുസംരംഭകര്‍ക്കായി 2008- 09 മുതല്‍ നടപ്പാക്കിവരുന്ന ഒരു തൊഴില്‍ വായ്പാ പദ്ധതിയാണ് പി.എം.ഇ.ജി.പി. കേന്ദ്ര സര്‍ക്കാരിന്റെ സൂക്ഷ്മ – ചെറുകിട – ഇടത്തര വ്യവസായ മന്ത്രാലയം നടപ്പാക്കി വന്നിരുന്ന രണ്ടു പദ്ധതികള്‍ സംയോജിപ്പിച്ചുകൊണ്ടാണ് ഇതിനു രൂപം കൊടുത്തത്. വ്യവസായ വകുപ്പ് വഴി നടപ്പാക്കിവന്നിരുന്ന പി.എം.ആര്.വൈ., ഖാദി ബോര്‍ഡ്, ഖാദി കമ്മിഷന് എന്നിവ വഴി നടപ്പാക്കിവരുന്ന ആര്.ഇ.ജി.പി. എന്നീ പദ്ധതികളാണ് സംയോജിപ്പിച്ചത്. ഖാദി കമ്മിഷനാണ് ദേശീയതലത്തില്‍ ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സി.
ഖാദി ഗ്രാമ വ്യവസായ കമ്മിഷനും ഖാദി ബോര്‍ഡും ഗ്രാമീണ മേഖലയില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ പദ്ധതി നിര്‍വഹണം നടത്തുമ്പോള്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ ഗ്രാമ -നഗര വ്യത്യാസമില്ലാതെ തന്നെ പദ്ധതി നടപ്പാക്കുന്നു.
യോഗ്യതകള്‍: പ്രായം 18 വയസ്സ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. വാര്‍ഷിക വരുമാന പരിധിയില്ല. പുതിയ സംരംഭങ്ങള്‍ക്കാണ് വായ്പ. നിലവിലുള്ളവ വികസിപ്പിക്കാന്‍ ലഭിക്കില്ല. 10 ലക്ഷം രൂപയില്‍ കൂടുതല്‍ പദ്ധതി ചെലവ് വരുന്ന നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും അഞ്ചു ലക്ഷം രൂപ വരെ ചെലവ് വരുന്ന സേവന സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും എട്ടാം ക്ലാസ് പാസായിരിക്കണം.
ബന്ധപ്പെടേണ്ട ഓഫിസുകള്‍: ജില്ലാ വ്യവസായ കേന്ദ്രം ഓഫിസുകള്‍, ജില്ലാ ഖാദി ബോര്‍ഡ് ഓഫിസുകള്‍, ഖാദി കമ്മിഷന് ഓഫിസുകള്‍, കേരളത്തിലെ ഈ പദ്ധതി നടത്തിപ്പിന്റെ മുഖ്യ ഓഫിസിന്റെ വിലാസം: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്, ഗ്രാമോദയ, എംജി റോഡ്, തിരുവനന്തപുരം – 01, ഫോണ്‍: 0471 2331625, 1061,
- എന്റെ ഗ്രാമം
ഖാദി ബോര്‍ഡിന്റെ ഓഫിസുകള്‍ നടപ്പാക്കിവരുന്ന ഒരു സ്വയം തൊഴില്‍ വായ്പാ പദ്ധതിയാണ് എന്റെ ഗ്രാമം. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ സൂക്ഷ്മ സംരംഭങ്ങള്‍ കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
യോഗ്യതകള്‍: വിദ്യാഭ്യാസം, വയസ്സ്, വാര്‍ഷിക വരുമാനം എന്നിവയില്‍ ഒരു നിബന്ധനയും ഇല്ല. വ്യക്തിഗത സംരംഭങ്ങള്‍ക്കാണു വായ്പ അനുവദിക്കുക. നിര്‍മാണ സ്ഥാപനങ്ങള്‍ക്കും സേവന സ്ഥാപനങ്ങള്‍ക്കും വായ്പ ലഭിക്കും.
വിശദവിവരങ്ങള്‍ക്കു ഖാദി ബോര്‍ഡിന്റെ ജില്ലാതലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളുമായി ബന്ധപ്പെടുക. മുഖ്യ ഓഫിസിന്റെ വിലാസം – ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ്, ഗ്രാമ സൗഭാഗ്യ, വഞ്ചിയൂര്‍, തിരുവനന്തപുരം, ഫോണ്‍: 0471 2471696, 2471694.
- മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് (എം.പി.ജെ.സി.)
ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി തയാറാക്കിയിരിക്കുന്ന പദ്ധതിയാണ് ഇത്. നാലു മുതല്‍ അഞ്ചു വരെ അംഗങ്ങള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കും. രണ്ടു പേര് വരെ അടങ്ങുന്ന ഗ്രൂപ്പ് സംരംഭങ്ങള്‍ക്കും വായ്പ നല്‍കാമെന്ന ഭേദഗതി വന്നിട്ടുണ്ട്.
യോഗ്യതകള്‍: പ്രായം 21 മുതല്‍ 40 വരെ (സംവരണ വിഭാഗക്കാര്‍ക്കു വയസ്സിളവ് ലഭിക്കുന്നതാണ്). വിദ്യാഭ്യാസ യോഗ്യത – സാക്ഷരത, കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയരുത്. എംപ്ലോയ്മെന്റ് റജിസ്ട്രേഷന് വേണം. എന്നാല്‍ നൈപുണ്യം ഉള്ള വ്യക്തികള്‍ക്ക് റജിസ്ട്രേഷന് നിര്‍ബന്ധമില്ല.
- ശരണ്യ പദ്ധതി
ശരണ്യ ഒരു സാമൂഹിക സുരക്ഷാ പദ്ധതിയും അതുപോലെതന്നെ സ്വയം തൊഴില്‍ വായ്പാ പദ്ധതിയുമാണ്. വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവിനെ കാണാതെപോയ സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയ വനിതകള്‍ക്ക് ആശ്വാസം പകരുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിയാണ് ഇത്.
യോഗ്യതകള്‍: പുനര്‍ വിവാഹിതരാകാത്ത തൊഴില്‍രഹിതരായ വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍, ഭര്‍ത്താവിനെ കാണാതെ പോയിട്ടുള്ളവര്‍, 30 വയസ്സിലും അവിവാഹിതരായി കഴിയുന്ന സ്ത്രീകള്‍, അവിവാഹിതരായ അമ്മമാര്‍ (എസ്.സി/ എസ്.ടി) എന്നിവര്‍ക്കാണ് ആനുകൂല്യം. പ്രായം: 18 വയസിനും 55 വയസിനും ഇടയില്‍, കുടുംബ വാര്‍ഷിക വരുമാനം : ഒരു ലക്ഷം രൂപയില്‍ താഴെ, വിദ്യാഭ്യാസ യോഗ്യത: സാക്ഷരത. സാങ്കേതിക യോഗ്യതകള്‍ ഉള്ളവര്‍ക്കു മുന്‍ഗണന നല്‍കുന്നതാണ്.
പദ്ധതി ആനുകൂല്യങ്ങള്‍: 50,000 രൂപ വരെ പദ്ധതി ചെലവ് വരുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കു വായ്പ.
അപേക്ഷിക്കേണ്ട വിധം: ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായും ജില്ലാ എംപ്ലോയ്മെന്റ് ഓഫിസര്‍ കണ്‍വീനറായും രൂപീകരിച്ചിട്ടുള്ള ജില്ലാതല കമ്മിറ്റിയാണ് ഇന്റര്‍വ്യൂവിലൂടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫിസുകള്‍, എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. ഡയറക്ടര്‍ ഓഫിസിന്റെ വിലാസം: എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ്, ഡിപിഐ ജംക്?ഷന്, തൈക്കാട് പി.ഒ, തിരുവനന്തപുരം 14. ഫോണ്‍: 0471 2323389
- മുദ്രാ ബാങ്ക്
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു സ്വയം തൊഴില്‍ വായ്പാ പദ്ധതിയാണ് മുദ്രാ ബാങ്ക് (മൈക്രോ യൂണിറ്റ്സ് ഡെവലപ്പ്മെന്റ് ആന്‍ഡ് റെറ്റിനന്സ് ഏജന്‍സി ലിമിറ്റഡ്). സാമ്പത്തിക വികസനം ലഘു സംരംഭങ്ങളിലൂടെ എന്നതാണ് ഇതിന്റെ ലക്ഷ്യം. രാജ്യത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ദേശസാല്‍കൃത ബാങ്കുകള്‍ വഴിയും റീജനല്‍ റൂറല്‍ ബാങ്കുകള്‍ വഴിയും, സഹകരണ ബാങ്കുകള്‍ വഴിയും ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാം. നിര്‍മാണ സ്ഥാപനങ്ങള്‍, സേവന സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കു വായ്പകള്‍ ലഭിക്കും. നേരിട്ടുള്ള കാര്‍ഷിക പ്രവൃത്തികള്‍ക്കു വായ്പ ലഭിക്കുകയില്ല.
യോഗ്യതകള്‍: 2006ലെ എം.എസ്.എം.ഇ.ഡി. ആക്ട് അനുസരിച്ച് യോഗ്യരായ എല്ലാവര്ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പുതിയ സംരംഭകര്‍ക്കും നിലവിലുള്ളവ വികസിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നവര്‍ക്കും വായ്പ ലഭിക്കും. വയസ്സ്, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ ബാധകമല്ല.
- ക്രെഡിറ്റ് ലിങ്ക്ഡ് ക്യാപ്പിറ്റല്‍ സബ്സിഡി (സി.എല്‍.സി.എസ്)
കേന്ദ്ര വ്യവസായ മന്ത്രാലയം നടപ്പാക്കിവരുന്ന ഒരു ചെറുകിട വ്യവസായ പ്രോല്‍സാഹന പദ്ധതിയാണ് ഇത്. 100 ശതമാനം സബ്സിഡി സ്കീമാണ്. സൂക്ഷ്മ – ചെറുകിട വ്യവസായ സംരംഭങ്ങളില്‍ മെച്ചപ്പെട്ട സാങ്കേതിക വിദ്യ സമ്പാദിക്കുന്നതിനും ഉല്പാദനം മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരം ഉയര്ത്തുന്നതിനുമായിട്ടാണ് ഈ സാമ്പത്തിക ആനുകൂല്യം നല്‍കുന്നത്. മെഷിനറികളും മറ്റും സമ്പാദിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യം.
അപേക്ഷയിലെ നടപടികള്‍: വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍തന്നെ ഇതു പ്രകാരമുള്ള ആനുകൂല്യത്തിനും അപേക്ഷിക്കണം. വായ്പ അനുവദിച്ച് മൂന്നു മാസത്തിനുള്ളില്‍ ബാങ്ക് വഴി തന്നെ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയും ബന്ധപ്പെട്ട രേഖകളും സഹിതം കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ ന്യൂഡല്‍ഹി ഓഫിസിലേക്കാണ് അയച്ചു കൊടുക്കേണ്ടത്. സിഡ്ബി വഴിയാണ് സബ്സിഡി ആനുകൂല്യം സംരംഭകനു ലഭിക്കുന്നത്. വിവരങ്ങള്‍ക്ക്: www.msmedithrissur.gov.in.
- സംരംഭക സഹായ പദ്ധതി
100 ശതമാനവും സബ്സിഡി നല്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഒരു പദ്ധതിയാണ് ഇത്. വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അതു നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കും ഈ പദ്ധതി പ്രകാരം പ്രയോജനം ലഭിക്കും. സൂക്ഷ്മ – ചെറുകിട – ഇടത്തരം വ്യവസായങ്ങളിലെ നിര്‍മാണ യൂണിറ്റുകള്‍ക്കാണ് ഈ ആനുകൂല്യം നല്‍കുന്നത്. ഭൂമി, കെട്ടിടം, മെഷിനറികള്‍, ഉപകരണങ്ങള്‍, ഇലക്ട്രിഫിക്കേഷന്, ജനറേറ്റര്‍, ഫര്‍ണിച്ചറുകള്‍, മലിനീകരണ നിയന്ത്രണ സാമഗ്രികള്‍ തുടങ്ങിയ ഇനങ്ങളില്‍ പിന്നീടുള്ള സ്ഥിരനിക്ഷേപത്തെ അടിസ്ഥാനമാക്കിയാണ് ഈ ആനുകൂല്യം നല്‍കുന്നത്.
സ്വയംതൊഴില്‍ വായ്പ: മറ്റ് പ്രധാന ഏജന്‍സികള്‍
കേരളത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒട്ടേറെ ഏജന്‍സികള്‍ / കോര്‍പറേഷനുകള്‍ വഴിയും സ്വയംതൊഴില്‍ സംരംഭകര്‍ക്കു വായ്പകള്‍ ലഭിക്കും.
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന്.
സംസ്ഥാന പട്ടികജാതി / പട്ടികവര്‍ഗ വികസന കോര്പറേഷന്
സംസ്ഥാന വനിതാ വികസന കോര്പറേഷന്
സംസ്ഥാന വികലാംഗ ക്ഷേമ കോര്പറേഷന്
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന്
ഈ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന വായ്പാ പദ്ധതികള്‍ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നിര്‍ബന്ധമാണ്. 10 ലക്ഷം രൂപയില്‍ താഴെയുള്ള ചെറിയ തുകകളാണ് മിക്കവാറും വായ്പയായി അനുവദിക്കുന്നത്. പ്രായപരിധിയും കുടുംബ വാര്‍ഷിക വരുമാന പരിധിയും എല്ലാത്തരം വായ്പകള്‍ക്കും ബാധകമാണ്. നാല് മുതല്‍ ഏഴ് ശതമാനം വരെ പലിശയ്ക്ക് ഇത്തരം വായ്പകള്‍ ലഭിക്കും എന്നതാണ് ഈ പദ്ധതികളുടെ മുഖ്യ ആകര്‍ഷണം. ഈ സ്ഥാപനങ്ങള്‍ക്ക് എല്ലാംതന്നെ ഹെഡ് ഓഫിസ് കൂടാതെ ജില്ലാതലത്തിലോ മേഖലാ തലത്തിലോ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. ഓഫിസുകളുമായി നേരിട്ട് ബന്ധപ്പെട്ട് അപേക്ഷകള്‍ നല്കാന് ശ്രമിക്കുന്നതായിരിക്കും ഉത്തമം.
വിവരങ്ങൾ : various news sources.
വ്യവസായം ആരംഭിക്കാൻ ഉള്ള ലൈസൻസ് എടുക്കൽ ഇനി ഈസിയാണ്. ഇതേ പറ്റിയാണ് ഈ ലക്കം യൂട്യൂബ് സംരംഭ വർത്തമാനം. കേരള സർക്കാരിന്റെ ഏറ്റവും മികച്ച നയങ്ങളിലൊന്നായി ഇതിനെ നിസംശയം വിശേഷിപ്പിക്കാം.
വി.കെ. ആദർശ്