സ്വന്തമായൊരു വീട്, അതും മനോഹരമായ കുഞ്ഞു വീട്…
അത്തരമൊരു സ്വപ്നവും പേറിയാണ് മിക്കവരും വിദേശരാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നത്. അവിടെ ഇരുപതും മുപ്പതും കൊല്ലം ചോരനീരാക്കി പണിയുന്ന വീട്, ആ വീട്ടിൽ ഒരു ദിവസമെങ്കിൽ ഒരു ദിവസം, മനസ്സമാധാനത്തോടെ കിടന്നുറങ്ങുക.

ഇന്ത്യക്കാർക്ക് പ്രത്യേകിച്ചും മലയാളികൾക്ക് വീടെന്നാൽ ആഡംബരത്തിന്റെയും അഹങ്കാരത്തിന്റെയും മുഖമുദ്രയാണ് തങ്ങൾ പണിയുന്ന വീടുകൾ ഒരായുസ്സിൻറെ മൊത്തം സമ്പാദ്യം ചിലവഴിക്കുന്നതും വീടിന് വേണ്ടി തന്നെ. എന്നാൽ ചിലവുകുറച്ചു എങ്ങനെ വളരെ മനോഹരമായ വീട് പണിയാം എന്ന് പലർക്കും അറിയില്ല. അറിയാവുന്ന സിവിൽ എഞ്ചിനീയർമാരോ കോണ്ട്രാക്ടറോ പറഞ്ഞു കൊടുക്കുകയുമില്ല.

അഡ്വ.തോമസ് പോൾ റമ്പാച്ചൻറെ വീട് കണ്ടപ്പോഴാണ് ചെലവുകുറഞ്ഞ വീടുകളെകുറിച്ചുള്ള ആശയം വീണ്ടും മനസ്സിൽ ആലോചിച്ചു തുടങ്ങിയത്.

പൂർണ്ണമായും കളിമണ്ണിൽ തീർത്ത ഹോളോബ്രിക്‌സ് കട്ടകൾ ഉപയോഗിച്ചു ചുമരുകൾ പണിതാണ് ഈ വീട് ഉണ്ടാക്കിയിരിക്കുന്നത്. പഴയ ഓടുകൾ വാങ്ങി വൃത്തിയാക്കി മേൽക്കൂര ഉണ്ടാക്കി. മരത്തിന് പകരം അലുമിനിയം റോഡുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 4 അത്യാവശ്യ സൗകര്യങ്ങളോട് കൂടിയ മുറിയാണ്. രണ്ട് ബെഡ് റൂം, ഒരു ഗസ്റ്റ് റൂം, ഒരു ഓഫീസ് റൂം, പിന്നെ ഒരു തുറന്ന അടുക്കളയും. വീടിൻറെ മധ്യ ഭാഗത്ത് ഒരു നടുമുറ്റവും മഴവന്നാൽ മഴവെള്ളം ഇറങ്ങി വരാനുള്ള സൗകാര്യവും ഉണ്ടാക്കിയിട്ടുണ്ട്. വീടിന് പുറകിൽ ഏകദേശം 70000 ലിറ്ററോളം മഴ വെള്ളം സംഭരിച്ചു വയ്ക്കാവുന്ന കോൺഗ്രീറ്റ് ടാങ്കും ഉണ്ടാക്കിയിട്ടുണ്ട്. വെള്ളത്തിനുള്ള മറ്റു മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല.

വീടിൻറെ ടൈലുകൾ എല്ലാം തന്നെ വളരെ കുറഞ്ഞ പൈസയ്ക്ക് ലഭിച്ചതാണ്. അതിനൊരു കാരണം ചില ടൈലുകൾ കടകളിൽ ബാക്കിവരും, അതിൻറെ സ്റ്റോക്ക് പുതിയതായി വന്നിട്ടും ഉണ്ടാവില്ല. ഇങ്ങനെയുള്ള ടൈലുകൾ കടക്കാർ എങ്ങനെയെങ്കിലും ഒഴിവാക്കാൻ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ തയ്യാറാകും.

റൂമുകളിൽ ട്രെയിനിൽ കാണുന്ന പോലെ തൂക്കിയിട്ടിരിക്കുന്ന കട്ടിലുകളാണ് എല്ലാം . ആവശ്യമില്ലെങ്കിൽ ചുമരിനോട് ചേർത്ത് ലോക്ക് ചെയ്ത് വയ്ക്കാം. നാല് മുറികളും അത്ര വലുതൊന്നുമല്ല, എന്നാൽ മധ്യഭാഗം നടുമുറ്റത്തോട് കൂടിയതും വലിപ്പമേറിയതുമാണ്. കിടക്കാൻ മാത്രം ബെഡ് റൂമിലേക്ക് പോവുക മറ്റു സമയങ്ങളിൽ എല്ലാവരും കൂടിയിരിക്കുക, ജോലികൾ ചെയ്ത് തീർക്കാനുണ്ടെങ്കിൽ ഓഫീസ് റൂം ഉപയോഗിക്കുക, ആഹാരം പാകം ചെയ്യുമ്പോഴും ഗൃഹനാഥയ്ക്ക് എല്ലായിടവും കാണാൻ ഉള്ള സൗകര്യം കൂടി ഉണ്ടാവുക എന്നതൊക്കെയാണ് ഈ വീടിൻറെ പ്രത്യേകത. പുറത്ത് ഒരു കുഞ്ഞു വരാന്തയുമുണ്ട്.

റമ്പാച്ചൻറെ വീടിന് ഏകദേശം 15 ലക്ഷത്തോളം രൂപ ചിലവായിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ചിലവ് വർദ്ധിക്കാൻ ചില കാരണങ്ങൾ, ചില കാര്യങ്ങൾ മറ്റുള്ളവരെ ഏൽപ്പിച്ചാലുണ്ടാകുന്ന അധിക ചിലവും ശ്രദ്ധക്കുറവും ഒന്ന് കൊണ്ട് മാത്രമാണ് സംഭവിച്ചത്. പിന്നെ കുറഞ്ഞ കാലയളവിൽ പണിയേണ്ട വീട് രണ്ട് വർഷത്തോളം എടുത്താണ് പണിഞ്ഞതും. കൂടാതെ ചുമരുകളിൽ ടൈൽ പിടിപ്പിച്ചിട്ടുണ്ട്. റൂമിനകത്ത് വാർഡ്രോബ്‌ രണ്ടാമതാണ് പണിതിരിക്കുന്നത്. അതൊക്കെയും ആദ്യമേ പ്ലാൻ ചെയ്തിരുന്നെങ്കിൽ കുറച്ചു കൂടി ചിലവ് കുറയ്ക്കാമായിരുന്നു. ഏകദേശം 1000 സ്ക്വയർ ഫീറ്റിന് താഴെയുള്ള ഇതേ വീട് ഏകദേശം 7 ലക്ഷം രൂപയ്ക്ക് പണിയാൻ സാധിക്കും എന്നാണ് എൻറെ വിശ്വാസം. അതിന് പ്രായോഗികമായ ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്നത് തന്നെയാണ് എൻറെ ഇക്കാലമത്രയുമുള്ള നിരീക്ഷണത്തിൽ നിന്നും നിസംശയം പറയാൻ സാധിക്കുന്നത്.

5 സെന്റിൽ ഇത്തരമൊരു മനോഹരമായ വീട് 6 ലക്ഷത്തിന് പണി പൂർത്തിയാക്കാൻ സാധിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. ലോണും കടം വാങ്ങിയ കാശുമില്ലാതെ സ്വരുകൂട്ടിയ പൈസയ്ക്ക് ആരോടും മത്സരിക്കാതെ വീട് പണിയാൻ ആഗ്രഹമുള്ളവർ ഇത്തരത്തിലൊരു വീട് പ്ലാൻ ചെയ്യുക. വിശ്വസ്തനായൊരു ആർക്കിടെക്ടിൻറെ സേവനം പ്രയോജനപ്പെടുത്തുക.

NB : ആവശ്യമെങ്കിൽ എൻറെ സേവനവും യാതൊരു മടിയുമില്ലാതെ നൽകുന്നതാണ്.
തലമുറകളായി കെട്ടിടനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന (Building Contract) ഒരു കുടുംബത്തിലാണ് ഈയുള്ളവനും ജനിച്ചിരിക്കുന്നത് എന്നകാര്യം വിനയപുരസ്സരം ഇവിടെ ഉണർത്തിക്കട്ടെ.

©മോഹൻദാസ് വയലാംകുഴി

Previous articleഅതിജീവിക്കുമോ തിരികെ ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾ…!
Next articleതുമ്മൽ ചരിതം
ഏകദേശം പത്തു പതിനഞ്ചു വർഷമായി എൻറെ എഴുത്തുപുര സജീവമായിട്ട് പക്ഷെ ഇടയ്ക്കെപ്പോഴോ ആളും അനക്കവുമില്ലാതെ ആർക്കും വേണ്ടാതെ പൊടിപിടിച്ചു കിടക്കുകയായിരുന്നു.... ഇടയ്ക്ക് പലരും പറഞ്ഞു അതൊന്നു പൊടി തട്ടിയെടുക്കാൻ... എനിക്കെന്തോ അപ്പോഴത്ര താത്പര്യം തോന്നിയില്ല. പിന്നീടെപ്പോഴോ മനസ്സു വിങ്ങാൻ തുടങ്ങിയപ്പോഴാണു വീണ്ടും പഴയതൊക്കെ പൊടി തട്ടിയെടുക്കാൻ തോന്നലുണ്ടായത്... ആരെയും ബുദ്ദിമുട്ടിക്കാതെയുള്ള ബന്ധങ്ങളാണ് എൻറെ ജീവിതത്തിലുള്ളത്. ഓരോ ബന്ധങ്ങൾക്കും അതതു സമയത്ത് പ്രസക്തിയുണ്ട്. ഇപ്പോഴത്തെ മുഴുവൻ നിയന്ത്രണവും എൻറെ കൈയ്യിലാണ്. നാളെ എന്ത് എന്നാർക്കുമറിയില്ല. ആ രഹസ്യമാണ് ജീവിതത്തിൻറെ ത്രിൽ. എന്തിനാണ് പ്ലാൻ ചെയ്യുന്നത്...?? പ്ലാൻ ചെയ്യുന്നതൊന്നും അതുപോലെ നടക്കാറില്ലല്ലോ... ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ജീവനാണ്. ആ ശക്തി നയിക്കുന്ന ദിശയിലങ്ങനെ പോകുന്നു. അത്രയേ പറയാനറിയൂ. ഞാനിങ്ങനെയാണ്‌. ഒതുക്കി ചിന്തിക്കാൻ പഠിപ്പിച്ച് വേറൊരാളാകാൻ പറ്റില്ല. കുട്ടിക്കാലം മുതലേ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമാണ്. അതുകൊണ്ട് എന്തെങ്കിലും മിസ്‌ ചെയ്യുന്നതായി തോന്നാറില്ല. ഇപ്പോഴെനിക്ക്‌ ഉത്തരവാദിത്തങ്ങളില്ല. ബാഗേജുകളില്ല. ജീവിതം ലൈറ്റ് ആയി. ഞാനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം, സ്പെയ്സ് ഇതെല്ലാം കിട്ടുന്നുണ്ട്. ജീവിതത്തെ കാൽപനികമായി കാണാറില്ല. കഥ, കവിത എന്നിവ വായിക്കും, ആസ്വദിക്കും, കാൽപനികത അതോടെ തീരും. എല്ലാറ്റിനും ഉപരിയായി എന്നെ എത്രത്തോളം നന്നാക്കാൻ പറ്റുമെന്നു നോക്കും. നോക്കാം എത്രത്തോളം നന്നാകുമെന്ന്... ഇതുവരെ എങ്ങനെ ജീവിച്ചു എന്നതിനെക്കാളും, ഇനിയെങ്ങനെ ജീവിക്കാൻ പോകുന്നു എന്നതാണ് മുഖ്യം...!!!

LEAVE A REPLY

Please enter your comment!
Please enter your name here